കൊടുമൺ : ഏഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നും അശാസ്ത്രീയമായ നിർമാണ രീതികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡി എഫ് നാളെ(ബുധൻ) കൊടുമണ്ണിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് ഭാരവാഹികൾ അറിയിച്ചു.
അതേ സമയം എഴംകുളം – കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവ് ജോർജ് ജോസഫിനെതിരെയും പ്രതിഷേധം ഉയർന്നു. കൊടുമൺ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ.കെ. ശ്രീധരൻ ആണ് പ്രതിഷേധം ഉയർത്തിയത്.
മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് ഓടയുടെ അലൈൻമെൻ്റിൽ മാറ്റം വരുത്തുന്നുവെന്നായിരുന്നു പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതി. ജോർജ് ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ മുൻപിലെ ഓടയുടെ അലൈൻമെൻ്റ് മാറിയെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കഴിഞ്ഞ ദിവസം നിർമാണ പ്രവർത്തനം തടഞ്ഞിരുന്നു. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ടായി.
എന്നാൽ ഇത് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് നിഷേധിച്ചു. കെട്ടിടം നിർമിച്ചത് ഒന്നര വർഷം മുമ്പാണെന്നും ഓടയുടെ അലൈൻമെൻ്റിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടായത് മൂന്നര വർഷം മുമ്പാണെന്നും ജോർജ് ജോസഫ് പറഞ്ഞു.
അലൈൻമെൻ്റ് അനുസരിച്ചാണ് ഓടയുടെ നിർമാണം നടക്കുന്നതെന്നും ഓടയുടെ വളവ് അലൈൻമെൻ്റ് പ്രകാരമാണെന്നും പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു