ചെന്നൈ : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പാകിസ്താന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു.ഇന്ത്യയ്‌ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്. 23 മിനിറ്റ് മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന് വേണ്ടി എടുത്തത്.അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പക്ഷംപിടിച്ചാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. ഇന്ത്യയ്ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാൻ വിദേശ മാധ്യമങ്ങളെ ഡോവൽ വെല്ലുവിളിച്ചു. മദ്രാസ് ഐഐടിയിൽ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തെ പറ്റി വിശദീകരിച്ചത് .