തിരുവല്ല: 1818 ല്‍ സ്ഥാപിതമായ ദൈവശാസ്ത്ര സര്‍വ്വകലാശാലയായ സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ഡി. ഡി. (ഹൊണോറിസ് കോസ) ബിരുദത്തിന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അര്‍ഹനായി. അക്കാദമിക സാമൂഹ്യ എക്യൂമെനിക്കല്‍ ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സര്‍വ്വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. ബിരുദദാനം 2025 നവംബര്‍ 27 ന് സെറാംപൂര്‍ കോളജില്‍ നടക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ഡോ. ശുബ്റോ ശേഖര്‍ സര്‍ക്കാര്‍ അറിയിച്ചു.
സഭാ സംബന്ധമായ അതിര്‍ വരമ്പുകള്‍ക്കപ്പുറം വിശാല എക്യുമെനിക്കല്‍ ദര്‍ശനത്തോടെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സമഗ്രമായ സംഭാവന നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള സഭാ പിതാവും, ദൈവശാസ്ത്രജ്ഞനും, പണ്ഡിതനും, പരിഷ്കര്‍ത്താവുമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.
ഇതര മതദര്‍ശനങ്ങളെ അറിയുന്നതിനും ആദരിക്കുന്നതിനുമുള്ള വിശാല മനസ്സിന്‍റെ ഉത്തമോദാഹരണമാണ് ശ്രീ നാരായണ ഗുരു ദര്‍ശനങ്ങളിലുള്ള മെത്രാപ്പോലീത്തായുടെ അവഗാഹമായ പാണ്ഡിത്യം. അദ്ദേഹത്തിന്‍റെ നേതൃത്വശൈലിയില്‍ ദൈവശാസ്ത്രപരമായ ആഴവും സാമൂഹ്യ പ്രതിബദ്ധതയും ഉള്‍ചേര്‍ന്നിട്ടുണ്ട്. സഭയിലും സമൂഹത്തിലും ശാശ്വത സമാധാനം, സന്തോഷം, ഐക്യം, നീതി എന്നിവ സ്ഥാപിക്കുക എന്നതാണ് തിയഡോഷ്യസ് മെത്രാപ്പോലീത്തായുടെ ദര്‍ശനം.
പരിസ്ഥിതി, മനുഷ്യാവകാശങ്ങള്‍, മതാന്തര ഐക്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹത്തിന്‍റെ രചനകളിലൂടെയും, പ്രസംഗങ്ങളിലൂടെയും, പൊതു ഇടപെടലുകളിലൂടെയും പ്രതിഫലിപ്പിക്കുന്നു. മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്ന നിലയില്‍ വിദ്യാഭ്യാസം, സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, കൃഷി, എക്യുമെനിക്കല്‍ സംഭാഷണം എന്നിവയില്‍ മുന്‍കൈയെടുത്ത് അദ്ദേഹം സഭയെയും വിശാലമായ സമൂഹത്തെയും പ്രചോദിപ്പിക്കുകയും അതുവഴി വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും സമാധാനപരമായ സഹവര്‍ത്തിത്വവും വളര്‍ത്തുകയും ചെയ്യുന്നു.






