വയനാട് : ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി മാർത്തോമ്മാ സഭ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി സഭാ അദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ വയനാട് കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീയുമായി ചർച്ച നടത്തി.
മാർത്തോമ്മാ സഭ കുന്നംകുളം -മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയാ കോമാട്ട് , ഭദ്രാസന സെക്രട്ടറി റവ. സജു. ബി. ജോൺ, ഭദ്രാസന ട്രഷറർ കൊച്ചുമാമ്മൻ, മെത്രാപ്പൊലിത്തയുടെ സെക്രട്ടറി റവ. കെ. ഇ. ഗീവർഗീസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു .
ഇന്ന് രാവിലെ 11ന് കളക്ടേറ്റിലെത്തിയ മെത്രാപ്പൊലീത്തയെ ജില്ലാ കളക്ടർ സ്വീകരിച്ചു. മാർത്തോമ്മാ സഭയുടെ നേത്യത്വത്തിൽ വയനാട്ടിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പുനരധിവാസ പദ്ധതികളെപ്പറ്റി മെത്രാപ്പൊലീത്തയും ഭദ്രാസന അധ്യക്ഷനും വിശദീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടമായ 25 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകും.
ദുരന്തത്തിനിരയായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും. ചികിത്സ ആവശ്യമുളളവർക്ക് ചികിത്സാ സൗകര്യങ്ങളും പ്രായമായവർക്ക് പാലിയേറ്റീവ് സൗകര്യങ്ങളും സഭയായി ഒരുക്കും. സഭ ആവിഷ്കരിക്കുന്ന പുനരധിവാസ പദ്ധതികളായ ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം, ആരോഗ്യ പദ്ധതികൾ തുടങ്ങിയവ സർക്കാരിൻ്റെ അമനുമതിയോടെ സഭയായി നേരിട്ട് നടപ്പാക്കും.
ദുരന്ത മേഖലകളായ ചൂരൽമല, മുണ്ടക്കൈ, പുത്തുമല എന്നിവിടങ്ങളും തിരുമേനിമാർ സന്ദർശിച്ചു. സഭാ കൗൺസിൽ അംഗങ്ങളായ റവ. മാത്യു ബേബി, ഷെൻ പി. തോമസ് എന്നിവരും റവ. സുനിൽ ജോയി, റവ. സുജിൻ വർഗീസ്, സുബിൻ നീറുംപ്ളാക്കൽ, ഐബിൻ തോമസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.