പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ കൊടുമണ്ണിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി.
മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുൻപിലെ റോഡ് ഭാഗങ്ങൾ റവന്യൂ അധികൃതർ അളന്നു തിട്ടപ്പെടുത്തി. എന്നാൽ സമീപത്തെ കോൺഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ ശ്രമിച്ചത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
റവന്യൂ അധികൃതർ മേഖലയിലെ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയത് ആണ് നേരിയ സംഘർഷത്തിന് ഇടയാക്കിയത്. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്ത് എത്തി.റോഡ് അളക്കേണ്ടത് റവന്യൂ വകുപ്പ് ആണെന്നും മന്ത്രിയുടെ ഭർത്താവ് അല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു
12 മീറ്റർ വീതി ആവശ്യമായ സ്ഥലത്ത് 17 മീറ്റർ വീതിയാണ് തന്റെ കെട്ടിടത്തിന്റെ സമീപത്ത് റോഡിനുള്ളതെന്നും ഓടയുടെ അലൈൻമെന്റ് മാറ്റിയത് താനിടപെട്ടിട്ടല്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.
ഏഴംകുളം – കൈപ്പട്ടൂർ റാേഡ് വികസനവുമായി ബന്ധപ്പെട്ട് കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ മേഖലയിലെ പുറമ്പോക്ക് ഭൂമി അളന്നു തുടങ്ങിയതായി റവന്യൂ അധികൃതർ അറിയിച്ചു.
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പരാതിയിലാണ് അളവ് നടക്കുന്നത്. മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന്റെ മുന്നിൽ ഓടയുടെ ഗതി മാറ്റിയെന്ന വിവാദത്തിന്റെ തുടർച്ചയാണ് നടപടികൾ . വാഴവിള പാലം മുതൽ കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളാണ് അളന്നു തിട്ടപ്പെടുത്തുന്നത്