തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന് ചുമതല നല്‍കിയത്. ലഹരി ഉപയോഗം കണ്ടെത്തിയാൽ ഇതുവരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെങ്കിൽ, ഇനിമുതല്‍ ലൈസന്‍സ് റദ്ദാക്കും എന്നതാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും കര്‍ശന നടപടിയിലേക്ക് കടക്കുക. കാരുണ്യയാത്രയുടെ പേരില്‍ പണം പിരിച്ച് ഡ്രൈവര്‍ എംഡിഎംഎ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ശബ്ദസന്ദേശമാണ് ഇന്നലെ പുറത്തുവന്നത്. ആലുവയിലെ ‘ചങ്ക്‌സ് ഡ്രൈവേഴ്സ്’ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പങ്കുവെച്ചത്.
സംഭവം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിച്ചു.എക്‌സൈസ് വകുപ്പ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ സഹകരിപ്പിച്ചായിരിക്കും പരിശോധന. വാട്‌സ്ആപ്പ് സന്ദേശം കൃത്യമായി പരിശോധിക്കുമെന്നും, സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചോ, എവിടെ നിന്നാണ് ലഭിച്ചതോ എന്നിവയും അന്വേഷണം പരിധിയില്‍ വരുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.






