പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് പത്തനംതിട്ട ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്‍മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡറും. 207 പോളിങ് സ്റ്റേഷനുകളില്‍ 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. 121 സെക്ടറല്‍ ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ട്.ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി. 96.87 ശതമാനം വോട്ട് രേഖപെടുത്തി.
കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്, അടൂര്‍ സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, റാന്നി സെന്റ് തോമസ് കോളജ്, മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവയാണ് ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍.
ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.
തിരഞ്ഞെടുപ്പ് നിയമലംഘനം സി-വിജില്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം പുരോഗമിക്കുന്നു. പോളിങ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈല്‍ ഡിപ്പോസിറ്ററിയില്‍ സമ്മതിദായകര്‍ക്ക് ഫോണ്‍ സൂക്ഷിക്കാം. സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോളന്റിയര്‍,വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. .






