തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ് ആർ ടി സി ബസിൽ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായി.
50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി.
ഇതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നത് പരിഭ്രാന്തി പടർത്തി. ജീവനക്കാർക്കൊപ്പം സമീപവാസികളും കൂടി ചേർന്നതോടെ രക്ഷാപ്രവർത്തനം എളുപ്പത്തിലായി. അടുത്ത വ്യാപാര സ്ഥാപനത്തിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.






