പത്തനംതിട്ട: നഗരസഭ ആരംഭിച്ച ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ ഒന്നാം വാർഷികവും കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം നടന്നു.
പൊതുയിടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാമും പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി സക്കീർ ഹുസൈനും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണനും ചേർന്ന് നിർവഹിച്ചു.
പത്തനംതിട്ടയുടെ സാമൂഹിക ഇടങ്ങളെ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയുടെ വാർഷികം ഉദ്ഘാടനം ചെയ്ത് പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. പോർട്ടബിൾ ബയോ ബിന്നിലൂടെ നടത്തിയ അനുകരണീയമായ മാതൃകയാണ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി. പൊതുയിടങ്ങൾ വൃത്തിയുള്ളതും മനോഹരവുമാക്കുക എന്ന ആശയമാണ് ചുമർ ചിത്ര രചനയിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ആവിഷ്കരിച്ച ഉറവിട മാലിന്യ സംസ്കരണവും ഫുഡ് സ്കേപ്പിംഗ് പ്രവർത്തനവും മാതൃകാപരമെന്ന് അധ്യക്ഷനായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ പറഞ്ഞു. കലക്ട്രേറ്റ് മതിലിൽ വരച്ച ചുമർച്ചിത്രം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്നും കലക്ടർ പറഞ്ഞു.
നാടിനെ വൃത്തിയോടെ സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനം ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയിലൂടെ സാധ്യമാകുന്നുവെന്ന് മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചായിരുന്നു ചിത്രം വരച്ചത്. ചുമര്‍ചിത്ര കലാകാരന്മാരായ റംസി ഫാത്തിമ,ടി എ നന്ദിനി,കെ എ അഖില്‍ കുമാര്‍, ആര്‍ അജേഷ് ലാല്‍, അഖില്‍ ഗിരീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു