തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം 11ന് വൈകീട്ട് 3 മണിക്ക് ഡര്‍ബാര്‍ ഹാളില്‍ യോഗം നടക്കുമെന്നും അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.
ഒരു സര്‍വീസ് സംഘടനയെ പ്രതിനിധീകരിച്ച് രണ്ട് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. പ്രവൃത്തിദിനം കുറയ്ക്കുന്നത് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച ക്ഷണിച്ചിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി മെയില്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.






