തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന. കുടിശ്ശികയുള്ള ഡി എയുടെ രണ്ട് ഗഡുവെങ്കിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡി എ കുടിശിക അനുവദിക്കാന്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് ഇനിയും വൈകിപ്പിക്കേണ്ട എന്നാണ് എല്‍ ഡി എഫിനുള്ളിലെ പൊതുവികാരം.
അതേസമയം ഡിസംബറിലെ ദേശീയ വില സൂചിക അനുസരിച്ച് ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡി എ കൂടി വന്നേക്കും. ഇതോടെ ജീവനക്കാരുടെ ഡി എ 37 ശതമാനമായി ഉയരും. എങ്കിലും 22 ശതമാനം മാത്രമെ നല്‍കൂ.
2023 ജൂലായ്, 2024 ജനുവരി മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ഡി എ ഈ വര്‍ഷം ആദ്യം തന്നെ അനുവദിക്കും എന്നാണ് വിവരം. ആറ് ശതമാനത്തോളം വരും ഇത്. ജനുവരി 29 നാണ് സംസ്ഥാന ബജറ്റ്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ബജറ്റില്‍ തന്നെയായിരിക്കും ഡി എ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക.






