ആലപ്പുഴ: ക്ലാസ് മുറികൾ ഹൈടെക് ആവുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങളും ലാബുകളും ലൈബ്രറികളും കളിസ്ഥലങ്ങളും ഒരുക്കി നമ്മുടെ കുഞ്ഞുങ്ങൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അരൂർ മണ്ഡലത്തിൽ ദലീമ ജോജോഎംഎൽഎയുടെ ആസ്തി വികസനഫണ്ടും സംസ്ഥാന സർക്കാർ ഫണ്ടും വിനിയോഗിച്ച് നടത്തിയ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വികസനോത്സവം’ തളിയാപറമ്പ് ഗവ.എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലീമ ജോജോ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ അകമഴിഞ്ഞ പിന്തുണയും ഒത്തുചേർന്നപ്പോൾ അരൂർ മണ്ഡലത്തിൽ യാഥാർത്ഥ്യമായത് നിരവധി വികസന പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് അരൂരിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ സ്‌കൂൾ കെട്ടിടങ്ങൾ. 56 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച തളിയാപറമ്പ് ഗവ. എൽ.പി. സ്‌കൂളിൻ്റെ മനോഹരമായ പുതിയ കെട്ടിടം നമ്മുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷം ഒരുക്കും.
ഇതോടൊപ്പം, 40 ലക്ഷം രൂപയുടെ രണ്ടാമത്തെ കെട്ടിടത്തിൻ്റെ നിർമ്മാണവും പുരോഗമിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ജി.എച്ച്.എസ്.എസ് തേവർവട്ടത്തും, ഓടമ്പള്ളി ഗവ. യു.പി. സ്കൂളിലും പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമാവുകയാണ്. ഇത് നമ്മുടെ കുട്ടികളുടെ ഹൈസ്‌കൂൾ, യു.പി. തലങ്ങളിലെ പഠനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ ശ്രദ്ധയാണ് നൽകുന്നത്. ഈ വിദ്യാലയങ്ങളെല്ലാം അതിന്റെ പ്രതീകങ്ങളായി മാറുകയാണ്. ജനപ്രതിനിധികൾ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ദലീമ ജോജോ എം.എൽ.എയെന്നും തൻ്റെ മണ്ഡലത്തിലെ ഓരോ ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അതിന് സർക്കാരിൻ്റെ സഹായത്തോടെ പരിഹാരം കാണാൻ അവർ നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷയായി.