തിരുവല്ല : കനത്ത മഴയെ തുടർന്ന് തിരുവല്ലായിൽ പലയിടങ്ങളിലും മതിൽക്കെട്ട് ഇടിഞ്ഞുവീണു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് തുടങ്ങിയ കനത്ത മഴ വൈകിട്ട് 7 വരെ പെയ്തു. മഴയിൽ നഗരത്തിലേയും സമീപ പ്രദേശങ്ങളിലെയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയുടെ പിൻഭാഗത്തെ 10 മീറ്ററോളം വരുന്ന മതിൽക്കെട്ട് ഇടിഞ്ഞ്, റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. മതിൽക്കെട്ട് ഇടിഞ്ഞ് വീണതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
തിരുവല്ല കെ എസ് ആർ ടി സി യുടെ പുറകു വശത്തെ മതിൽകെട്ട് ഇടിഞ്ഞു വീണു. 4.30 ഓടെ ഉണ്ടായ ശക്തമായ മഴയിൽ ആയിരുന്നു സംഭവം. കെ എസ് ആർ ടി സി ജീവനക്കാരൻ രാജേഷിന്റെ വീടിനു മുകളിലേക്കാണ് വീണത്. വീടിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.