കോഴിക്കോട്: സംസ്ഥാനത്ത് പരക്കേ വേനൽ മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവുമുണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽപലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു.
മഴയ്‌ക്കൊപ്പമുണ്ടായ കനത്ത കാറ്റിൽ കൃഷിയിടങ്ങളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. കവിലുംപാറ സ്വദേശി പവിത്രൻ എന്ന കർഷകൻ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളിൽ ആയിരത്തോളം എണ്ണം കാറ്റിൽ ഒടിഞ്ഞു വീണു നശിച്ചു. കണ്ണൂരിലും ശക്തമായ മഴ പെയ്തു. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.






