തിരുവല്ല : ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ 5 ആദിവാസി കുടുംബങ്ങൾക്ക് ഇനി അടച്ചുറപ്പുളള വീടുകളിൽ സുരക്ഷിതമായി കഴിയാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ സ്പർശത്തിൽ മഞ്ഞത്തോട്ടിലെ 5 ആദിവാസി കുടുംബങ്ങൾക്കായി മനോഹരമായ വീടൊരുങ്ങിയത് . പുതിയ വീടുകളുടെ, സമർപ്പണം ഇന്ന് ( 24ന് ) രാവിലെ 10ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ നിർവഹിക്കും.
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്താ തുടങ്ങിയവർ പങ്കെടുക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പട്ടത്വസുവർണ്ണജൂബിലിയുടെ ഭാഗമായി സഭ ആവിഷ്കരിച്ച അഭയം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവന രഹിതർക്കായി ഭവനം ഒരുക്കിയത്. 75 വീടുകൾ നിർമ്മിക്കുകയായിരുന്നു പദ്ധതിയെങ്കിലും ഭൂ – ഭവന രഹിതരായ 200 ഓളം ആളുകൾക്ക് വീട് നൽകാൻ കഴിഞ്ഞു.
സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിൻ്റെ നേത്യത്വത്തിലായിരുന്നു മഞ്ഞത്തോട്ടിലെ ഭവന നിർമ്മാണം. അമ്പാട്ട് ഇത്താപ്പിരി ഫൌണ്ടേഷൻ സാമ്പത്തികമായി സഹകരിച്ചു.
കഴിഞ്ഞ 47 വർഷങ്ങളായി ഭാരതത്തിലെ 8 സംസ്ഥാനങ്ങളിൽ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നകാർഡിൻറെ നേത്യത്വത്തിൽ കഴിഞ്ഞ 3 വർഷങ്ങളായി മൂഴിയാർ ,അട്ടത്തോട്, ളാഹ മഞ്ഞത്തോട് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് മെഡിക്കൽക്യാമ്പുകൾ,സൗജന്യഭക്ഷണ കിറ്റു വിതരണം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം ഉൾപ്പെടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.