എടത്വാ : പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ ഇക്കുറി നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ കൊയ്ത്ത് ഉത്സവം വ്യാഴാഴ്ച നടന്നു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ തലവടി വാടയ്ക്കകം പാടശേഖരത്താണ് ഇക്കുറി നൂറുമേനി വിളഞ്ഞത്.
22 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ കർഷകനായ ബിജു ഡേവിഡിന്റെ നേത്യത്വത്തിൽ സമീപ പാടശേഖരങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്.
കഴിഞ്ഞ സീസണിൽ കൃഷി ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഒരുകൂട്ടം ആളുകളുടെ നിസ്വാർദ്ധ സേവനവും കാലാവസ്ഥ അനുകൂലമായി വന്നതുമാണ് വിളവെടുപ്പിൽ എത്തിച്ചത്. വിളവുകാലം കുറവുള്ള മനുരത്‌നം വിത്താണ് വിതച്ചത്.
തരിശുനിലത്തെ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, ബിന്ദു എബ്രഹാം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് റഫിൻ ജെഫ്രി, കൃഷി ഓഫീസർ ഗായത്രി പി.എസ്, എന്നിവർ പങ്കെടുത്തു.