പത്തനംതിട്ട : കോന്നി അതിരുങ്കൽ സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിലെ കേസിൽ സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ (വ്യാഴം) വീണ്ടും പരിഗണിക്കും.കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതിയും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിനെ ജോലിയിൽ നിന്ന് ഇൻ്റലിജൻസ് ബ്യൂറോ അധികൃതർ പിരിച്ചു വിട്ടിരുന്നു.
ഇയാൾ കുടുംബ സമേതം ഒളിവിൽ കഴിയുകയാണ്. പൊലീസിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. പ്രൊബേഷൻ കാലമായതിനാൽ ഇക്കാര്യത്തിൽ നിയമ തടസമില്ലെന്ന് ഐബി വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
സുകാന്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ ഐബി ഉദ്യോഗസ്ഥയുടെ അമ്മയേയും കക്ഷി ചേർത്തിട്ടുണ്ട്. മാർച്ച് 24 നാണ് പേട്ട റെയിൽവേ മേൽപാലത്തിന് സമീപത്തെ ട്രാക്കിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്.