കൊട്ടാരക്കര: ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ എൻഎസ്എസ്ന് ഒന്നുമില്ലെന്ന് കെ ബി ഗണേഷ് കുമാർ. എൻഎസ്എസ്സി നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കാശ് മുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്. നേരത്തെ സുകുമാരന്‍ നായര്‍ ഈ സർക്കാരിനെ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനന്ദിക്കുന്നു. അതിൽ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്‍റെ കൈകളിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.
മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ ഉറച്ച് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റായി കെ.ബി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.






