പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയായ എഡിഎം നവിൻ ബാബു കണ്ണൂരിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പത്തനംതിട്ടയില സിപി എം രംഗത്ത്. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പരാതി നൽകുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.
ദിവ്യ തെറ്റ് ചെയ്തെങ്കിൽ നടപടി സ്വീകരിക്കണമെന്ന് സി പിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സമിതി അംഗവുമായ മലയാലപ്പുഴ മോഹനൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാർട്ടിക്ക് പരാതി നൽകും. നടപടി ഉണ്ടാകുന്നില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും ക്ഷണിക്കാത്ത ചടങ്ങിൽ ദിവ്യ എത്തിയതിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലം മാറ്റത്തിലുടെ ഇന്ന് പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
അതേ സമയം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ ( ബുധൻ) മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു.