കോഴഞ്ചേരി: മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സ് ആക്കി വിൽപന നടത്തിവന്ന നാൽവർ സംഘത്തെ കുമ്പനാട്ട് നിന്ന് എറണാകുളം പൊലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ (22), മനു (19), നിരഞ്ജൻ (27), ജോൺസ് (30) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താൻ ആണ് പൊലീസിൻ്റെ തീരുമാനം. എറണാകുളം നോർത്ത്,സൗത്ത്, കടവന്ത്ര, പാലാരിവട്ടം, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആണ് പ്രതികൾ ബൈക്കുകൾ മോഷ്ടിച്ചത്.
ഇവ കുമ്പനാട്ടെ വർക്ക്ഷോപ്പിൽ എത്തിച്ച് പൊളിച്ച് പാർട്സാക്കി വിൽപന നടത്തിവരികയായിരുന്നു. എറണാകുളത്ത് നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വിവിധ ജില്ലകളിൽ നടത്തിയ അന്വേഷണമാണ് കുമ്പനാട്ട് എത്തിച്ചത്.
കുമ്പനാട് പെട്രോൾ പമ്പിന് സമീപം കല്ലുമാലി ഇറക്കത്തോട് ചേർന്നാണ് യുവാക്കൾ 2 നില കെട്ടിടം വർക്ക് ഷോപ്പിനായി വാടകയ്ക്ക് എടുത്തത്. വാഹനങ്ങളുടെ വർക്ക്ഷോപ്പും കാറുകളുടെയും ജീപ്പുകളുടെയും രൂപമാറ്റം നടത്തുന്നതിനുമാണ് വർക്ക്ഷോപ്പ് എടുക്കുന്നതന്നൊണ് കെട്ടിട ഉടമയെ അറിയിച്ചത്.60,000 രൂപ മാസവാടയ്ക്ക് ആണ് പ്രതികൾ ഇത് എടുത്തത്. മോഷ്ടിച്ചു കൊണ്ടുവരുന്ന ബൈക്കുകൾ രാത്രിയിലാണ് ഇവർ പൊളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വർക്ക്ഷോപ്പിന് പേരോ ബോർഡോ സ്ഥാപിച്ചിരുന്നില്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച 5 ബൈക്കുകളും ആറന്മുളയിൽ നിന്ന് ഒരു ബൈക്കും കണ്ടെടുത്തു. വാഹനം പൊളിച്ചു കിട്ടുന്ന പാർട്സുകൾ ഒഎൽഎക്സിലൂടെയും മറ്റുമാണ് പ്രതികൾ വിൽപന നടത്തിയിരുന്നത്