തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി യോഗക്ഷേമസഭ. അറസ്റ്റിന് പിന്നിൽ ഗൂഢ താല്പര്യങ്ങൾ ഉണ്ടെന്നും കട്ടളപ്പാളി നോക്കേണ്ടത് തന്ത്രിയുടെ ജോലിയല്ലെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ പി.എൻ.ഡി നമ്പൂതിരി വ്യക്തമാക്കി.
തന്ത്രിക്ക് ആചാര്യസ്ഥാനമാണുള്ളത്. അത് നോക്കേണ്ട ഉത്തരവാദിത്തം മാത്രമേ അദ്ദേഹത്തിനുള്ളൂ. കട്ടള പൊളിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ തന്ത്രിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഓഫീസർ നിൽക്കെ അത് പൊളിക്കരുത് എന്ന് പറയാൻ തന്ത്രിക്ക് അധികാരമില്ലെന്നും ആചാരലംഘനം നടത്തി എന്ന് ആരോപിച്ച് തന്ത്രിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും യോഗക്ഷേമസഭ അറിയിച്ചു.
ആചാരങ്ങൾ തീരുമാനിക്കേണ്ട ആൾ തന്നെ അത് ലംഘിച്ചു എന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ലെന്ന് യോഗക്ഷേമ സഭാംഗം ശംഭു നമ്പൂതിരി പ്രതികരിച്ചു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാതെ അതിന് തടസ്സമായി ഇദ്ദേഹത്തെ മാത്രം ചൂണ്ടിക്കാണിക്കുന്നത് ബ്രാഹ്മണ മേൽക്കോയ്മയുടെ ഭാഗമാണിതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും ശംഭു നമ്പൂതിരി പറഞ്ഞു.






