തിരുവല്ല : കടപ്ര എസ് എൻ ജംഷനിലെ കന്നിമറ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 9 ന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക് വാങ്ങിച്ച ഭക്ഷണത്തിൽ പഴുതാരയെ കണ്ടെത്തിയെന്നുള്ള പരാതിയെ തുടർന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും അടച്ച് പൂട്ടുക ആയിരുന്നു.
18 വർഷമായി 7 തൊഴിലാളികളും ചേർന്ന് ഉപജീവനമാർഗമായി തുടങ്ങിയ സ്ഥാപനത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായതോടെ നിസ്സഹായതോടെ നോക്കി നിക്കേണ്ടതായി വന്നതായി മനോജും ഭാര്യ ബിന്ദുവും പറഞ്ഞു. ഹോട്ടലിന് 2025 വരെ ലൈസെൻസ് ഉണ്ടെന്നിരിക്കെ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന തെറ്റായ മാധ്യമവാർത്തകളും ഈ കുടുംബത്തെ തളർത്തി.
എന്നാൽ ഹോട്ടലിന് ലൈസൻസ് ഉണ്ട് എന്ന് മനസ്സിലാക്കിയ ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ വിഷയത്തിൽ ഇടപെട്ട് ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
പുളിക്കീഴ് സബ് ഇൻസ്പക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷനോട് ഏറെ അനുഭാവപൂർണ്ണമായ സമീപനമാണ് സ്വീകരിച്ചതെന്ന് റോയി മാത്യൂസ് പറഞ്ഞു. അസോസിയേഷന് അംഗങ്ങളുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡ് ഉണ്ടെന്നും അതിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം കെ ഉല്ലാസ് പറഞ്ഞു.
കടപ്ര പഞ്ചായത്തിലെ പൊതു കാര്യങ്ങളിലെല്ലാം സജീവമായിരുന്ന കന്നിമറ ഹോട്ടൽ അടച്ചിടേണ്ട അവസ്ഥ വന്നതിൽ ഏറെ വിഷമമുണ്ടെന്നും ഹോട്ടലിന് ലൈസൻസില്ല എന്ന തരത്തിൽ വാർത്ത ഉണ്ടായത് വാസ്തവ വിരുദ്ധമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ അശോകൻ പറഞ്ഞു.
ബി ജെ പി കടപ്ര പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാർ, ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികളായ തമ്പി , ജോമോൻ, ഗണേശ് എന്നിവർ ഉത്ഘാടന ചടങ്ങിന് നേത്യത്വം നൽകി.