പത്തനംതിട്ട: ശബരിമല തന്ത്രി കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നതോടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ പുതിയ തന്ത്രിയായി സ്ഥാനമേൽക്കും.
ചിങ്ങമാസ പൂജകൾക്ക് നടതുറക്കുന്നത് മുതൽക്കാകും ബ്രഹ്മദത്തൻ ചുമതലയേൽക്കുക. പൂർണചുമതലയിൽനിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളിൽ രാജീവരും ഉണ്ടാകും. ഓരോ വർഷവും മാറിമാറിയാണ് താഴമൺ മഠത്തിലെ രണ്ടു കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം.
ചിങ്ങം ഒന്നിന് നടതുറക്കുമ്പോഴാണ് എല്ലാ വർഷവും തന്ത്രിമാറ്റം ഉണ്ടാകാറ്. ഇക്കൊല്ലം ചിങ്ങമാസപൂജകൾക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും. അന്ന് വൈകീട്ട് മേൽശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തൻ. ഒരു വർഷംമുമ്പാണ് പൂജകളിലേക്കു തിരിഞ്ഞത്.