കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്‌ക്ക് ജീവപര്യന്തം. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പറഞ്ഞു .കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
പെൺകുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്നു കോടതി ചൂണ്ടിക്കാട്ടി .17 ലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് കോടതി വ്യക്തമാക്കി.എന്നാൽ കുടുംബം നഷ്ടപരിഹാരം നിരസിച്ചു. തങ്ങൾക്ക് നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് മാതാപിതാക്കൾ ജഡ്ജി അനിർബൻ ദാസിനോട് പറഞ്ഞു.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് യുവ ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.ഓഗസ്റ്റ് 10ന് കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറായിരുന്ന സഞ്ജയ് റോയ് അറസ്റ്റിലായി. പ്രതിഷേധം ശക്തമായതോടെ കോടതി കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. പീഡനവും കൊലപാതകവും നടത്തിയത് പ്രതി മാത്രമാണെന്നാണ് സിബിഐ കണ്ടെത്തിയത്.