കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം നിർവഹിച്ചു. മേളയോടനുബന്ധിച്ച് രൂപാ രേവതി വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.
വിവിധ വകുപ്പുകളുടെ തീം-വിപണന സ്റ്റാളുകള്‍, പുസ്തക മേള, സാഹിത്യചര്‍ച്ച, കവിയരങ്ങ് എന്നിവ മേളയുടെ ഭാഗമായി നടക്കും. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ മാർച്ച് എട്ട് വരെ വൈകുന്നേരങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കൊല്ലത്തിന്റെ വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ അവതരിപ്പിച്ച പവിലിയനാണ് മേളയുടെ പ്രത്യേകത.
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്‍കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ- സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും.
മേളയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 51 കലാകാരന്മാര്‍ അണിനിരങ്ങുന്ന ചെണ്ടമേളം അരങ്ങേറും.