കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോട്ടയത്തെത്തിച്ചു വിശദമായി ചോദ്യം ചെയ്യും.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65),ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്.അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഇയാൾ ഇവരുടെ ഫോണുകൾ മോഷ്ടിക്കുകയും ഈ കേസിൽ ഇയാൾ അഞ്ചു മാസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു .
വിജയകുമാറിന്റെയും മീരയുടെയും മകനായ ഗൗതം വിജയകുമാറിനെ (28) 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ .