പത്തനംതിട്ട : ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കില്ല. രാവിലെ എട്ടുമണിയോടെ പമ്പയിൽ നിന്നും കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് ആണ് ഇലവുങ്കൽ -എരുമേലി റോഡിൽ നാറാണത്തോടിനു സമീപത്തുവച്ച് അപകടത്തിൽപ്പെട്ടത്. 15 തീർഥാടകർ ബസിൽ ഉണ്ടായിരുന്നു.
ഇറക്കം ഇറങ്ങി വന്ന ബസ് വളവിൽ നേരെ പോയി എതിർഭാഗത്തുളള താഴ്ചയിലേക്ക് മറിയുകയായിരുന്നു.ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ യാത്രക്കാരായ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബസ് മരത്തിൽ തങ്ങി നിന്നതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങി. ക്രെയിൻ ഉപയോഗിച്ചാണ് ബസ് വലിച്ചുകയറ്റിയത്.