കോഴിക്കോട് : കെഎസ്ആർടിസി മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന പൊതുമേഖല സ്ഥാപനമാക്കി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജത ജൂബിലി സമ്മാനമായി കെഎസ്ആർടിസിക്ക് നൽകിയ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സിപി ജോൺ.
പൊതുഗതാഗത മേഖലയിൽ നിക്ഷേപം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ എതിരല്ല. ട്രേഡ് യൂണിയൻ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന നിലപാടാണ് സർക്കാരിന്റേത്. നിലവിൽ ജനങ്ങൾ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
കെഎസ്ആർടിസി ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കൈവച്ചു കഴിഞ്ഞു. ട്രക്ക് സർവീസുകൾ ലീസിന് എടുത്ത് കെഎസ്ആർടിസി യുമായി ബന്ധിപ്പിച്ച് ഓടിക്കാൻ സാധിച്ചാൽ കെഎസ്ആർടിസി ലാഭത്തിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ ഭക്തരെ പമ്പ വരെ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും.
എം. എൽ. എ. മാർ 105 ഓളം ബസുകൾ കെഎസ്ആർടിസിക്ക് സംഭാവന ചെയ്തു. കെഎസ്ആർടി സിക്ക് നിരുപാധികം നാല്പതു ലക്ഷം രൂപ ബസ് വാങ്ങാൻ നൽകിയതിലൂടെ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൊതു മേഖലാസ്ഥാപനങ്ങളുടെയും കോപ്പറേറ്റീവ് സൊസൈറ്റികളുടെയും ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചിരിക്കുകയാണ്.
ഇത് വഴി പൊതുജനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാൻ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സാധിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ അഡ്വ.കെ. ജയന്ത് എം. എൽ. എ. അധ്യക്ഷനായി. കാലിക്കറ്റ് സിറ്റി സർവീസ് സൊസൈറ്റി ചെയർപേഴ്സൺ പ്രീമ മനോജ് കെ. എസ്. ആർ. ടി. സി. എം. ഡി. പി. എസ്. പ്രമോജ് ശങ്കറിന് ബസിന്റെ താക്കോൽ കൈമാറി.
എം. വി. ആർ. സി. സി. ആർ. ഐ. ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ എഴുതിയ ‘ഇതാ ഇവിടെ വരെ- ഒരു സഹകരണയത്രയുടെ കഥ’ എന്ന പുസ്തകം ചടങ്ങിൽ ഗതാഗത മന്ത്രി പ്രകാശനം ചെയ്തു. പുസ്തകം എം. വി. ആർ. കാൻസർ സെന്റർ ഡയറക്ടർ ഷെവലിയാർ സി. ഇ. ചാക്കുണ്ണി ഏറ്റു വാങ്ങി. സൊസൈറ്റി ജനറൽ മാനേജർ സാജു ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു.അഡ്വ. ഫൈസൽ ബാബു എം. എൽ. എ, കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ വി. സജീവ് എന്നിവർ പ്രസംഗിച്ചു.





