കൊല്ലം : ആറാമത് കുടുംബശ്രീ സംസ്ഥാനതല ബഡ്‌സ് കലോത്സവം ‘തില്ലാന’ 2025-ന് ഇന്ന് കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. എം.നൗഷാദ് എം.എല്‍.എ ബഡ്‌സ് തീം ഉല്‍പന്ന വിപണന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്‌സ് സ്‌കൂളിലെയും 18 വയസു കഴിഞ്ഞവരുടെ പകല്‍പരിപാലനത്തിനായുള്ള ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെയും ഉള്‍പ്പെടെ കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളാണ് പങ്കെടുക്കുക. ജില്ലാതല മത്സരങ്ങളില്‍ വിജയികളായ കുട്ടികളാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. 14 ജില്ലകളില്‍ നിന്നായി 450-ലേറെ മത്സരാര്‍ത്ഥികള്‍ പ്രതിഭയുടെ മാറ്റുരയ്ക്കാന്‍ എത്തിയിട്ടുണ്ട്.
നിലവില്‍ സംസ്ഥാനമൊട്ടാകെ 166 ബഡ്‌സ് സ്‌കൂളുകളും 212 ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളും ഉള്‍പ്പെടെ 378 ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ടാണ് ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലൂടെ 13081 പരിശീലനാര്‍ഥികള്‍ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് കുടുംബശ്രീ പിന്തുണ നല്‍കുന്നു. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ രജിസ്‌ട്രേഷനോടൊപ്പം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും പ്രത്യേക യോഗ്യത നേടിയ അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.