തിരുവല്ല: കവി പത്മശ്രീ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തെക്കുറിച്ചുള്ള പഠനവും പുനർവായനയുമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ‘ഒരു ദേശത്തിന്റെ കഥതേടി – എട് അഞ്ച് – ശ്രീവല്ലി’ സാഹിത്യ സെമിനാർ 31-ന് രാവിലെ 9ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആംഫിതീയറ്ററിൽ നടക്കും.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി കാഴ്ച ചാരിറ്റബിൾ ട്രസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം കവി പ്രഭാവർമ്മ നിർവഹിക്കും. സാഹിത്യ അക്കാദമി അഡ്വൈസറി ബോർഡ് കൺവീനർ കെ. പി. രാമനുണ്ണി അധ്യക്ഷത വഹിക്കും. കന്നഡ എഴുത്തുകാരൻ ജയന്ത് കയ്കിനി മുഖ്യപ്രഭാഷണം നടത്തും.
കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബ്ലെസ്സി ഐപ്പ് തോമസ് മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി റീജിയണൽ സെക്രട്ടറി ഷൺമുഖാനന്ദ, സെക്രട്ടറി വരുൺ ഗുലാത്തി എന്നിവർ സംസാരിക്കും. തിരുവല്ല എംഎൽഎ അഡ്വ.വർഗീസ് മാമ്മൻ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കുടുംബത്തെ ആദരിക്കും. അദ്ദേഹത്തിന്റെ സ്മരണയ്ക്കായുള്ള ഡോക്യുമെന്ററി പ്രദർശനവും കവിതകളുടെ ആലാപനവും ഉണ്ടാകും.
കവിത, ആത്മീയത, ദേശീയത എന്നീ വിഷയങ്ങളിൽ കെ. രാജഗോപാൽ, പത്മദാസ്, ടി. കെ. സന്തോഷ് കുമാർ, ജയലക്ഷ്മി ആർ, സുഷമ ബിന്ദു പി, ദുർഗ്ഗാപ്രസാദ് ബി. എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ കാഴ്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് – 9061810182, 9847535454.





