തിരുവല്ല : ഭക്തർ എന്ത് തെറ്റ് ചെയ്താലും മാപ്പ് നൽകുകയും മറ്റുള്ളവർക്ക് വേണ്ടി തെറ്റ് ചെയ്താൽ മോക്ഷം നൽകുകയും ചെയ്യുന്നതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നതെന്ന് ഭാഗവത ഹംസം മണികണ്ഠ വാര്യർ ഗുരുവായൂർ. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ച നവാഹയജ്ഞത്തിൽ കൃഷ്ണാവതാരത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭഗവാൻ സ്വീകരിക്കാത്തത് മാത്സര്യം മാത്രമാണെന്നും കലിയുഗത്തിലെ ലോകജനതയുടെ ഉയർച്ചയ്ക്ക് പ്രാർഥനയും നല്ല മനസും പ്രവൃത്തിയും അനിവാര്യമാണെന്നും യജ്ഞാചാര്യൻ ഭാഗവത ഹംസം മണികണ്ഠ വാര്യർ പറഞ്ഞു. ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന് കൊടിയേറി. ദേവസ്വം പ്രസിഡൻ്റ് എൻ. ഗോവിന്ദൻ നമ്പൂതിരി കൊടിയേറ്റ് കർമം നിർവഹിച്ചു. സെക്രട്ടറി അജിത് കെ.എൻ. രാജ്, ട്രഷറർ ജെ. മനോജ് പുറയാറ്റ്, വൈസ് പ്രസിഡന്റ് അശോക് പി.പിള്ള, ജോ. സെക്രട്ടറി പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
നവാഹയജ്ഞത്തിൻ്റെ നാലാം ദിവസവും താലപ്പൊലി ഉത്സവത്തിൻ്റെ രണ്ടാം ദിനവുമായ ഇന്ന് രാവിലെ 10 ന് അഷ്ടലക്ഷ്മി പൂജ നടക്കും. 12 ന് പ്രഭാഷണം, 1 ന് പെരിങ്ങര ശ്രീ വനമാലി നാരായണീയ സമിതിയുടെ നാരായണീയ പാരായണം, തുടർന്ന് പ്രസാദമൂട്ട് 2 ന് ഭാഗവത പാരായണം, 6.30 ന് പുഷ്പാഞ്ജലി ദീപാരാധന, 8 ന് മതിൽ ഭാഗം ശ്രീ പാർവണ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര എന്നിവ ഉണ്ടായിരിക്കും.






