ആലപ്പുഴ: മലയാളം ഭരണഭാഷയാകുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് എച്ച് സലാം എംഎല്‍എ പറഞ്ഞു. കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷ വെറും ആശയവിനിമയത്തിനു മാത്രമുള്ളതല്ല. മനുഷ്യര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ സംവദിക്കുവാനുള്ള ഏറ്റവും നല്ല ഉപാധി കൂടിയാണത്.
ഭാഷയില്‍ ജീവിക്കുന്നവരാണ് മനുഷ്യരെന്നും ഭാഷയില്ലെങ്കില്‍ മനുഷ്യനില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മാതൃഭാഷയായ മലയാളത്തെ കൂടുതല്‍ ശക്തമാക്കാനും വിപുലമാക്കുവാനും ബോധപൂര്‍വമായ പരിശ്രമങ്ങളുണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ യുവ നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മജന്‍ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രന്ഥകര്‍ത്താവും നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍, പത്താം ക്ലാസ് തുല്യതാ പരീക്ഷാ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും പ്ലസ് ടു പഠിതാവുമായ പി ഡി ഗോപിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.