കോട്ടയം: സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യ സാഹിതിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും. 10 ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ പതാക ഉയർത്തും. തുടർന്ന് കാവ്യ സാഹിതി ബുക്സ് പുസ്തകശാല ഉദ്ഘാടന ചടങ്ങിന് ജനറൽ കൺവീനർ എം.ആർ. അനിൽകുമാർ ആമുഖ പ്രസംഗം നടത്തും.
പതിനൊന്ന് മണിക്ക് കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംസ്ഥാന സമ്മേനം ഉദ്ഘാടനം ചെയ്യും. കാവ്യ സാഹിതി പുരസ്കാരം സുജിത് ഭാന്ധു റിനു സമ്മാനിക്കും.3 .45 ന് പത്രാധിപർക്കൊപ്പം, 4 .20 ന് എഴുത്തിന്റെ വഴിയേ, 5.10 ന് കവിതയുടെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ മനോജ് കുറൂരുമായി മുഖാമുഖം.
11-ന് രാവിലെ 9 ന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ ഡോ.ആർ രവീന്ദ്രൻ നായരും കാവാലം അനിലും പ്രകാശനം ചെയ്യും. 10.45 ന് ” ജനപ്രിയ സാഹിത്യം ഇന്നലെ ഇന്ന്” എന്ന വിഷയത്തിലുള്ള സംവാദം സംഘാട സമിതി ചെയർമാൻ പഴയിടം മുരളി നയിക്കും. തുടർന്ന് മംഗളം, സുനന്ദ വാരികകളുടെ മുൻ എഡിറ്റർ അമ്പാട്ട് സുകുമാരൻ നായരെ ആദരിക്കും. 12.45 ന് ആരംഭിക്കുന്ന നേർക്കുനേർ പരിപാടിയിൽ മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള ,പോൾ മണലിൽ എന്നിവർ പങ്കെടുക്കും.
ഉച്ച കഴിഞ്ഞ് 2.45 ന് നടക്കുന്ന സമാപന സഭ ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കാവാലം അനിൽ അദ്ധ്യക്ഷത വഹിക്കും. താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ പഴയിടം മുരളി, ജനറൽ കൺവീനർ എം.ആർ. അനിൽകുമാർ , കോട്ടയം ജില്ലാ സെക്രട്ടറി കൈപ്പുഴ ജയകുമാർ , സംഘടനാ സെക്രട്ടറി ദിവ്യ പ്രിയ, നിർവ്വാഹ സമിതി അംഗം മോഹൻദാസ് മുട്ടമ്പലം എന്നിവർ അറിയിച്ചു.






