അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പ്രതി പിഴ അടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
അതിജീവിതയുടെ വീട്ടിൽ അമിത സ്വാതന്ത്ര്യം ഉണ്ടായിരുന്ന പ്രതി 2022 ഡിസംബർ 27 നാണ് 14 വയസുകാരിയായ പെൺകുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ബലമായി കയ്യും കാലും ഷാൾ ഉപയോഗിച്ച് ബന്ധിച്ച ശേഷം ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയത്.
കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നതിനാൽ കുട്ടി പീഢനവിവരം പുറത്ത് പറഞ്ഞില്ല. വീണ്ടും അപ്രകാരം ചെയ്യും എന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി ക്ലാസിൽ വച്ച് കൂട്ടുകാരോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഏനാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏനാത്ത് എസ്എച്ച്ഓ ആയിരുന്ന മനോജ് കുമാർ ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി. ജോൺ ഹാജരായി.