തിരുവനന്തപുരം : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചു. മലയാളം വാനോളം – ലാൽ സലാം എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് മോഹൻലാലിനെ ആദരിച്ചു. ശേഷം സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ രചന നിർവഹിച്ച കാവ്യ പത്രവും ചിത്രകാരൻ എ രാമചന്ദ്രന്റെ താമരക്കുളത്തിന്റെ ലോകം എന്ന ചിത്രവും സമ്മാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതമാശംസിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, എ എ റഹീം എം.പി, ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ, അഭിനേതാക്കളായ അംബിക, രഞ്ജിനി, മാളവിക മോഹനൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു നന്ദി അറിയിച്ചു.






