കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം 16 ന്പുലർച്ചെയാണ് എം ടി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെ രാത്രി 10 മണിയോടെ മരണം സംഭവിക്കുക ആയിരുന്നു.
നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എന്നീ വിവിധ മേഖലകളിൽ മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് എംടി. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി സമ്മാനിച്ചത്.
എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം. 26ന് വൈകിട്ട് 5 ന് മാവൂർ പൊതു ശ്മശാനത്തിലാണ് സംസ്കാരം.