ചെങ്ങന്നൂർ : ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക ഗവേഷണ ദ്വിദിന ശിൽപശാല എൻസിഐസിഎസ്ടി – 2025 ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി, സൈബർ സുരക്ഷ, മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ തിരിച്ചറിവുകളും നവീന സാങ്കേതിക വികസനങ്ങളും ശിൽപശാലയിൽ അവതരിപ്പിക്കും.
വിദ്യാർഥികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർക്ക് ടെക് ഡെമോകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും വിദഗ്ധ സെഷനുകളും വഴി അറിവ് പങ്കിടാൻ ശിൽപശാലയിൽ അവസരമുണ്ട്. പുതിയ എഐ ട്രെൻഡുകൾ, ഡാറ്റാ അനലിറ്റിക്സ്, സൈബർ ഭീഷണികൾ എന്നിവയിലും വിശദമായ ചർച്ചകൾ നടക്കും. സാങ്കേതിക വിദ്യയുടെ ഭാവി ദിശ മനസ്സിലാക്കാനും പ്രൊഫഷണൽ നെറ്റ് വർക്ക് വികസിപ്പിക്കാനും ശിൽപശാല സഹായമാകും.
ഐഎച്ച്ആർഡി ഡയറക്ടർ ഡോ.വി എ അരുൺകുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. വി എസ് ഹരി, കോളേജ് ഡീൻ ഡോ. മഞ്ജു എസ് നായർ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ഷാനവാസ്, പി ടി എ വൈസ് പ്രസിഡന്റ് എബി തോമസ് എന്നിവർ പ്രസംഗിച്ചു.