ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.
അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം.ഇതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദിസര്‍ക്കാരിന്‍റെ കാലത്താണ് ചുമതലപ്പെടുത്തിയത്.സമിതി ഈ വർഷം മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.