ആലപ്പുഴ: ജില്ല പൊതുജനാരോഗ്യരംഗത്ത് നടപ്പിലാക്കുന്ന ഏകാരോഗ്യം പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മാതൃകാപരമെന്ന്
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ.
ജില്ല നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ അലക്സ് വർഗീസും യോഗത്തിൽ പങ്കെടുത്തു.
ജില്ലയിലെ ഏകാരോഗ്യം പദ്ധതി കൂടാതെ ആൻ്റി മൈക്രാബിയൽ റസിസ്റ്റൻസ് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നടപ്പിലാക്കുന്ന അമരം, ടി ബി മുക്ത ആലപ്പുഴ, പക്ഷിപ്പനി പ്രതിരോധത്തിനായി ജില്ല നടപ്പിലാക്കിയ ജോയിൻ്റ് ഔട്ട് ബ്രേക്ക് ഇൻവസ്റ്റിഗേഷൻ, പെയിൻ ആൻ്റ് പാലിയേറ്റീവ് രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾ, ബോധവത്ക്കരണ ക്യാമ്പയിനുകൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്.
മനുഷ്യരുടെ ആരോഗ്യം മറ്റു ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന ആശയത്തിലധിഷ്ഠിതമായ പദ്ധതിയാണ്
ഏകാരോഗ്യം. ഇത് നടപ്പിലാക്കുന്ന കേരളത്തിലെ നാല് ജില്ലകളിൽ ഒന്നാണ് ആലപ്പുഴ. ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ജില്ലയിലെ ഏകാരോഗ്യ പ്രവർത്തകരുമായി നേരിട്ട് ചർച്ച ചെയ്യുകയും, മികച്ച പ്രവർത്തനങ്ങളെ പറ്റി വിശകലനം ചെയ്യുകയും,ഭാവി പരിപാടികൾ പങ്കുവയ്ക്കുകയും ചെയ്തു.
പക്ഷിപ്പനി ജില്ലയിൽ ഉണ്ടാകാറുണ്ടെങ്കിലും വളർത്തു പക്ഷികൾക്കു പുറമേ മറ്റു പക്ഷികളിലേക്ക് രോഗമുണ്ടായ സാഹചര്യം ഈ വർഷം ഉണ്ടായി. എങ്കിലും കൂട്ടായ രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗ നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കാൻ ജില്ലയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പക്ഷിപ്പനി പ്രതിരോധത്തിനായി സംസ്ഥാനത്ത് ആദ്യമായി ജോയിൻ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ നടപ്പിലാക്കിയത് ജില്ലയിലാണ്. ചേർത്തല സൗത്തിൽ നടത്തിയ പഠന റിപ്പോർട്ട് ഏകാരോഗ്യം ജില്ലാ നോഡൽ ഓഫിസർ ഡോ.ബിനോയ്, ചേർത്തല തെക്ക് കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടെനി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കോശി സി പണിക്കർ എന്നിവർ അവതരിപ്പിച്ചു.