ആശാ പ്രവർത്തക എന്ന നിലയിൽ ലഭിക്കുന്ന വേതനം മകളുടെ ചികിത്സയ്ക്കും നിത്യച്ചെലവിനും തികയാതെ വന്നതോടെ ബാങ്കിലെ അടവ് മുടങ്ങുകയായിരുന്നു. 7 ദിവസത്തിനകം പലിശ അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാട്ടി ബാങ്ക് നോട്ടീസും അയച്ചു. അനിതയുടെ പ്രതിസന്ധി വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകി.
ഇതേ തുടർന്നാണ് ബാങ്കിലെ ഇടപാടുകൾ തീർത്ത രേഖ സഭയുടെ തിരുവനന്തപുരം സ്റ്റുഡന്റ് സെന്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ഇന്ന് സമരപ്പന്തലിൽ എത്തി കൈമാറിയത്. ഓർത്തഡോക്സ് സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ വഴിയാണ് അനിതയ്ക്ക് സഹായം എത്തിച്ചത്. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന ഘട്ടത്തിൽ തനിക്ക് രക്ഷാകരം നീട്ടിയ കാതോലിക്കാബാവാ തിരുമേനിയോടും സഭയോടും നന്ദിയുണ്ടെന്ന് അനിതകുമാരി പറഞ്ഞു.
ക്യാൻസർ രോഗിയായ മകളുടെ ചികിത്സയ്ക്ക് വേണ്ടി ഒരമ്മ നടത്തിയ ശ്രമത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും അനിതയുടെ സങ്കടം മാറി എന്നതിൽ സന്തോഷമുണ്ടെന്നും പരിശുദ്ധ കാതോലിക്കാബാവാ പ്രതികരിച്ചു.ആശാ പ്രവർത്തകരുടെ സമരത്തെ സർക്കാർ അനുഭാവ പൂർണം കാണണമെന്നും ബാവാ കൂട്ടിച്ചേർത്തു.