പത്തനംതിട്ട : കർഷകർ അധ്വാനിച്ച് വിളയിക്കുന്ന വിഭവങ്ങളാണ് നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മെഴുവേലി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നെടിയകാല മേനോൻ സ്‌മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച കർഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്.സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി മായംകലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചു.ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സർക്കാരിന് കഴിഞ്ഞു.
കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പടെ സംസ്ഥാനത്ത് നിരവധി ക്യാൻസർ സെൻററുകൾ പുതുതായി ആരംഭിച്ചു.മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. സംസ്ഥാനത്ത് ആദ്യമായി പട്ടികജാതി മൈക്രോ പ്ലാൻ തയ്യാറാക്കിയത് മെഴുവേലി പഞ്ചായത്തിനു വേണ്ടിയാണെന്നും മന്തി പറഞ്ഞു.മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷയായി. മുൻ എംഎൽഎ കെ സി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.