തൃക്കൊടിത്താനം : കേരളത്തിന്റെ ആത്മീയതയുടെയും, ശില്പ സൗന്ദര്യത്തിന്റെയും പ്രതീകങ്ങളാണ് പഞ്ച പാണ്ഡവ ക്ഷേത്രങ്ങളെന്ന് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന്റെ സത്രശാല സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം.
പാണ്ഡവരിൽ ഇളയ സഹോദരൻ സഹദേവന് ഇഷ്ടപ്പെട്ട വിഗ്രഹം ലഭിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിലൂടെ ആഴിയിൽ നിന്നും വിശ്വരൂപമായ അത്ഭുത നാരായണനെ പ്രതിഷ്ഠ നടത്തിയ കഥയും അദ്ദേഹം പറഞ്ഞു. പല ദേശത്തു നിന്നുമുള്ളവരാണ് സത്രത്തിൽ പങ്കെടുക്കാനത്തുന്നത്. നാനത്വത്തിൽ ഏകത്വമെന്ന നിലയിൽ സത്രത്തെ കാണാൻ കഴിയണമെന്നും ഗവർണർ പറഞ്ഞു.
പഞ്ച ദിവ്യ ദേശ ദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര സമിതി ജനറൽ കൺവീനർ വിനോദ്. ജി നായർ ചക്കിട്ട പറമ്പിൽ, ഉപദേശക സമിതി സെക്രട്ടറി പി. ആർ രാജേഷ് തിരുമല തേവള്ളി, സബ് ഗ്രൂപ്പ് ഓഫീസർ ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുൻപായി ക്ഷേത്രത്തിലെ ഗോശാല ഗവർണർ സന്ദർശിച്ചു. ജഗദീഷ് ഐരടത്ത് രചിച്ച സഹസ്ര ദള പദ്മം സത്ര ഗീതം ഗവർണർ റിലീസ് ചെയ്തു. സ്റ്റേജ് അലങ്കാരം ചെയ്ത മഞ്ചേഷ് മോഹനനെയും, അംബിക ഡക്കറേഷൻ ഉടമ മംഗളനെയും ചടങ്ങിൽ ആദരിച്ചു.