പത്തനംതിട്ട : വെച്ചൂച്ചിറ പഞ്ചായത്തിലെ മരാമത്ത് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്റെ 12.5 ലക്ഷം രൂപയുടെ ബിൽ തുക മാറി നൽകുന്നതിന് 37,000/ രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയ അസിസ്റ്റന്റ് എൻജിനീയർ വിജി വിജയനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
പഞ്ചായത്തിലെ ഒരു കുളത്തിൻ്റെ നവീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് ആദ്യ ഗഡു തുകയായ 9.5 ലക്ഷം രൂപ നേരത്തെ മാറി നൽകിയിരുന്നു. അന്ന് എ ഇ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ നൽകിയില്ല. തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ മാറി നൽകണമെങ്കിൽ ആദ്യ ബില്ലിന്റെ കൈക്കൂലിയും ചേർത്ത് ആകെ ഒരു ലക്ഷം രൂപ വേണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയറായ വിജി വിജയൻ കരാറുകാരനോട് ആവശ്യപ്പെട്ടു.
തുടർന്ന് പല പ്രാവശ്യം അസിസ്റ്റന്റ് എഞ്ചിനീയറെ നേരിട്ട് കണ്ട് കൈക്കൂലി തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച 50,000/ രൂപയാക്കി കുറയ്ക്കുകയും, ആദ്യ ഗഡുവായി 13,000/ രൂപ എ. ഇ വാങ്ങുകയും ചെയ്തു. ബാക്കി തുകയായ 37,000/ രൂപയുമായി ഇന്ന് ഓഫീസിലെത്താൻ കരാറുകാരനോട് ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം വിജിലൻസ് പത്തനംതിട്ട യൂണിറ്റ് ഡി.വൈ.എസ്.പി ഹരി വിദ്യാധരനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചയ്ക്ക് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന് പുറത്ത് കാത്തു നിന്നു.
പരാതിക്കാരനിൽ നിന്നും37,000/ രൂപ കൈക്കൂലി വാങ്ങുമ്പോൾ അസി. എഞ്ചിനീയറായ വിജി വിജയനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് നടപടി ക്രമങ്ങൾക്ക് വിജിലൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് കെ.കെ.അജി നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി ഹരി വിദ്യാധരനെ കൂടാതെ ഇൻസ്‌പെക്ടർമാരായ ജെ. രാജീവ്, കെ അനിൽ കുമാർ, യു. പി.വിപിൻ കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.