പന്തളം: പന്തളം ബൈപാസ് സംബന്ധിച്ച ആശങ്കകളും പരാതികളും നിലനിൽക്കെ, ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിർണയത്തിലേക്ക് കടന്നു കിഫ്ബി റവന്യു വിഭാഗം. ഇതിനായി പദ്ധതി പ്രദേശത്തെയും സമീപത്തെയുമായി ആയിരത്തിലധികം വിലയാധാരങ്ങൾ സബ് റജിസ്ട്രാർ ഓഫിസ് വഴി അധികൃതർ ശേഖരിച്ചു.
ആറ്മാസത്തോളം നീണ്ട സർവേക്ക് ശേഷമായിരുന്നു ഇത്. പുരയിടം, പാടം, പ്രധാന റോഡ് ഭാഗം, ഉപറോഡ് ഭാഗം എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചാണ് ആധാരം പരിശോധിക്കുക. ഇതിനു ശേഷം വിലനിർണയത്തിലേക്കെത്താൻ ഇനിയും മാസങ്ങളെടുക്കും. 2018ൽ ശിലയിട്ടതാണ് ബൈപാസ് പദ്ധതി. 28.78 കോടി രൂപയാണ് പദ്ധതിത്തുക. 3.8 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് നിർമാണം.
മൂന്ന് വർഷത്തെ വിലയാധാരമാണ് പരിശോധിക്കുന്നത്. ഈ വിലയുടെ ഇരട്ടിയും 12 ശതമാനം പലിശയുമാണ് നഷ്ടപരിഹാരം. നഷ്ടപ്പെടുന്ന നിർമാണങ്ങളുടെയും വൃക്ഷങ്ങളുടെയും അടക്കം വിലയും കണക്കാക്കും. മാസങ്ങളെടുക്കുന്ന ഈ പ്രക്രിയ പൂർത്തിയായാൽ നഷ്ടപരിഹാരം നൽകുന്നതിലേക്ക് കടക്കാം. ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച നിയമം പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.
ആശങ്കകൾ ഇപ്പോഴും ബൈപാസ് തുടങ്ങുന്നതും അവസാനിക്കുന്നതും എംസി റോഡിലെ തിരക്കേറിയ ഭാഗത്ത്, 5 കിലോമീറ്ററോളം അധികം സഞ്ചരിക്കണം തുടങ്ങിയവയായിരുന്നു തുടക്കത്തിലെ ആശങ്ക. ഭൂമി ഏറ്റെടുക്കലിനു സർവേ തുടങ്ങുമ്പോഴാണ് പ്രളയം പോലെ പരാതികളെത്തിയത്. 407 കുടുംബങ്ങളാണ് പദ്ധതിപ്രദേശത്തുള്ളത്. മങ്ങാരം, മുട്ടാർ, തോന്നല്ലൂർ, പാലത്തടം നിവാസികൾക്കാണ് ആശങ്കയധികവും.
വാളകത്തിനാൽ പാടത്തിലൂടെയും മുട്ടാർ നീർച്ചാലിനു കുറുകെയുമാണ് രൂപരേഖ. 2018ലെ പ്രളയത്തിൽ പ്രദേശമാകെ മുങ്ങി. പാടം നികത്തുകകൂടി ചെയ്താൽ പ്രത്യാഘാതം ഇരട്ടിക്കുമെന്നും ആശങ്കയുണ്ട്. മങ്ങാരം ഭാഗത്ത് യഥേഷ്ടം സ്ഥലമുണ്ടായിട്ടും വീടുകളുടെ പ്രധാനഭാഗം നഷ്ടപ്പെടുന്നതടക്കം പരാതികളുണ്ട്. മേൽപ്പാലമല്ലേ ഉചിതം എന്നും ചർച്ചകളുയർന്നെങ്കിലും ഫലമുണ്ടായില്ല.





