പത്തനംതിട്ട : മരത്തിൻ്റെ മുകളിലെ ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച 49 കാരനെ മരത്തിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന. വി – കോട്ടയം അന്തിച്ചന്ത ജംഗ്ഷന് സമീപം എൻ. ജെ. സ്പൈസസ് എന്ന സ്ഥാപനത്തിൻ്റെ വളപ്പിൽ നിന്ന തേക്ക് മരശിഖരം മുറിച്ചു നീക്കുന്നതിനിടെ കുമ്മണ്ണൂർ തടത്തരികിൽ ചരിവുകാലായിൽ ജലീലിന് ആണ് പക്ഷാഘാതം ഉണ്ടായത്.
മലയാലപ്പുഴ സ്വദേശി പ്രസാദ് എന്ന ആളും സഹായത്തിനുണ്ടായിരുന്നു. മുകളിൽ കയറി ശിഖരം മുറിക്കുന്നതിനിടെയാണ് ജലീലിന് പക്ഷാഘാതം വന്നത്. ശരീരത്തിൻ്റെ ഇടതുവശം തളർന്ന് അവശനായ ജലീലിനെ പ്രസാദ് മരത്തിൽ പിടിച്ചു കെട്ടി സുരക്ഷിതനാക്കി. തുടർന്ന് പത്തനംതിട്ട ഫയർ ഫോഴ്സിൽ സ്ഥാപനത്തിൻ്റെ ജീവനക്കാർ വിവരം അറിയിച്ചു.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ എ. സാബുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എ.പി.ദില്ലു, എസ്. സതീശൻ, എസ്. ശ്രീകുമാർ എന്നിവർ മരത്തിന് മുകളിൽ കയറി ജലീലിനെ വലയിലേക്ക് മാറ്റി താഴെ ഇറക്കി. ഫയർ ഫോഴ്സിൻ്റെ വാഹനത്തിൽ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.