പത്തനംതിട്ട: മകര വിളക്ക് രാത്രിയിൽ ദർശനം കഴിഞ്ഞു മടങ്ങി വന്ന തമിഴ്നാട് സ്വദേശി നാഗരാജൻ എന്ന അയ്യപ്പ ഭക്തന്റെ മരണം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം. നിരപരാധിയായ അയ്യപ്പ ഭക്തന്റെ മരണത്തിൽ നരഹത്യക്ക് കേസ് എടുക്കുകയും, മതിയായ നഷ്ടപരിഹാരം കുടുംബത്തിനു നൽകുന്നതിന് ബോർഡിന്റെ ഭാഗത്ത് നിന്നു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത അയ്യപ്പ സേവസംഘം വടശ്ശേരിക്കര പോലീസിൽ പരാതി നൽകി.
അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല, ചെറുക്കാവ് ക്ഷേത്രം പ്രസിഡന്റ് പി ആർ ബാലൻ എന്നിവരാണ് സ്ഥലം സന്ദർശിച്ച ശേഷം പരാതി നൽകിയത്. ഉടൻ നടപടി ഉണ്ടായില്ല എങ്കിൽ അന്യ സംസ്ഥാന ഭക്തരെയും, കേരളത്തിലെയുംമറ്റ് പ്രവർത്തകരെ യും സംഘടിപ്പിച്ചു വിപുലമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി അഡ്വ :ഡി വിജയകുമാർ, സെക്രട്ടറി പ്രസാദ് കുഴികാല എന്നിവർ പറഞ്ഞു.