ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന വള്ളസദ്യയുടെ സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ് അറിയിച്ചു.
വള്ളസദ്യയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ക്ഷേത്രത്തിലേക്ക് പോകുന്നതിനും തിരികെ പോകുന്നതിനും വൺവേ സംവിധാനം ഏർപ്പെടുത്തും.
ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ കിഴക്കേ നട വഴി വന്ന് പടിഞ്ഞാറെ നടയിലൂടെയും തെക്കേ നടയിലൂടെയും പുറത്തേക്ക് പോകണം.
തറയിൽ മുക്ക് ഭാഗത്ത് നിന്ന് കിഴക്കേ നടഭാഗത്തേക്ക് വരുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
തറയിൽ മുക്കുവഴിയും സുഗതകുമാരി റോഡ് (പോലീസ് സ്റ്റേഷൻ റോഡ് )’വഴിയും കിഴക്കേനട ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്.
കിഴക്കേനട ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ മെയിൻ റോഡ് ഭാഗത്തും വഞ്ചിത്തറ റോഡിലും ഗതാഗത തടസ്സം ഉണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യാവുന്നതാണ്. സുഗതകുമാരി റോഡിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും ,പഴയ പോലീസ് സ്റ്റേഷൻ കോമ്പൗണ്ട്, ആനത്താവളം പുരയിടം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി ആറന്മുള പോലീസ് പള്ളിയോട സേവാ സംഘത്തിന്റെയും ക്ഷേത്ര പരിസരത്തിൽ ഉള്ള വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും സഹായത്തോടെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും സ്ഥിരമായുള്ള സിസിടിവി കാമറ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് ഐപിഎസ് സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുകയും, ഉദ്ഘാടന ദിവസമായ നാളെ പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ എഴുപതോളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.