ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും രാഷ്‌ട്രീയ കൊലപാതകങ്ങൾ. ശനിയാഴ്ച വിവിധ ഇടങ്ങളിലായി 3 കൊലപാതകങ്ങളാണ് നടന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ബിജെപിയുടെ ശിവഗംഗാ ജില്ലാ സെക്രട്ടറി സെൽവകുമാറിനെ ശനിയാഴ്ച രാത്രി ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.മറ്റൊരു സംഭവത്തിൽ എഐഎഡിഎംകെ പ്രവർത്തകനായ പത്മനാഭനെ കടലൂരിലെ പുതുച്ചേരി അതിർത്തിയിൽ അജ്ഞാതർ വെട്ടിക്കൊന്നു.യൂത്ത് കോൺഗ്രസ് തിരുവട്ടാർ മേഖല പ്രസിഡണ്ട് ജാക്സൺ ശനിയാഴ്ച രാത്രി വെട്ടേറ്റു മരിച്ചു. തിരുവട്ടാർ പഞ്ചായത്ത് മെമ്പർ ഉഷാകുമാരിയുടെ ഭർത്താവാണ്.
ജൂലൈ 5നായിരുന്നു ബിഎസ് പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങിനെ ചെന്നൈ പെരമ്പൂരിൽ അക്രമി സംഘം വെട്ടിക്കൊന്നത് .പിന്നീട് നാം തമിഴർ കക്ഷിയുടെ മധുര നോർത്ത് ഡിവിഷൻ സെക്രട്ടറി ബാലസുബ്രഹ്മണ്യനും വെട്ടേറ്റ് മരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ശനിയാഴ്ച മൂന്ന് കൊലപാതകങ്ങൾ കൂടി നടന്നത്.ക്രമസമാധാന നില പരിപാലിക്കുന്നതിൽ ഡിഎംകെ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു.