വയനാട് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖല കാണുന്നത്.
റോഡ് മാർഗം ചൂരൽമലയിലെത്തി ക്യാമ്പിലുള്ളവരെയും ചികിത്സയിലുള്ളവരെയും കാണും. ശേഷം കളക്ടറേറ്റിൽ അവലോകന യോഗം നടത്തും. തുടർന്ന് വൈകുന്നേരം 3.45-ഓടെ ഡൽഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് നിയന്ത്രണം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.