തിരുവല്ല : പരമ്പരാഗതമായ കാർഷിക വൃത്തിയും പിതാക്കൻമാർ സംരക്ഷിച്ച നമ്മുടെ മണ്ണും, പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടത് ഇന്നത്തെ ജനതയുടെ ഏറ്റവും ആവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു . 66-ാമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ മുന്നോടിയായി നടന്ന സംസ്ഥാനതല കാർഷിക സെമിനാറും, കർഷക അവാർഡ് ദാനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗതമായ കലകളും, സംസ്കാരവും നമ്മുടെ ഓണവും ജലമേളകളും പുതിയ തലമുറ വളർത്തിക്കൊണ്ടുവരുവാൻ ഗവൺമെന്റുകളും, ജനസമൂഹവും ശക്തമായ പിന്തുണ കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു .തിരുവല്ല മുൻ എംഎൽഎയും വനിത കമ്മീഷൻ അംഗവുമായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ കെ. ആർ. പ്രതാപചന്ദ്രവർമ്മ, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി. എ. സൂരജ്, സെക്രട്ടറി പ്രദീപ്, വിക്ടർ ടി തോമസ്, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേഷ് കുമാർ, തിരുവല്ല മുൻസിപ്പൽ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, വിജയൻ തലവന, പഞ്ചായത്തംഗങ്ങളായ ജോസ് മാമ്മൂട്ടിൽ, സനിലാകുമാരി, ചന്ദു എസ്. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.